ചിത്രം

  വരകള്‍ ചേരുകയാ,ണൊരു ചിത്രം

പിറന്നു വീഴുകയാണ്‌.
കറുത്ത മഷിതന്‍ നനഞ്ഞ വരകള്‍
തുറിച്ചു നോക്കുകയാണ്‌.

പുളഞ്ഞിറങ്ങി, താഴോട്ടിനിയും
കിനിഞ്ഞിറങ്ങും വരകള്‍
നിറങ്ങളില്ലാ ജീവിതചിത്രം
വരച്ചു ചേര്‍ക്കുകയാണ്‌.
കാന്‍ വാസാകെപ്പടര്‍ന്നു കയറും
കറുത്ത വരകള്‍ക്കടിയില്‍
മരിച്ചു തീരും പ്രതീക്ഷകള്‍തന്‍
തണുത്ത, വെളുത്ത പ്രതലം.
പട്ടിണിയാലെ വലിഞ്ഞൊട്ടുന്നൊരു
കുഞ്ഞിന്‍ കുടലിന്‍ ചിത്രം
നിറങ്ങളില്ലാ ബാല്യങ്ങള്‍തന്‍
നരച്ചു വിളറിയ ചിത്രം.

കീറത്തുണിയില്‍ നഗ്നത മറയാ-
തുഴറും പെണ്ണിന്‍ ചിത്രം
രാവിനു വില പേശുന്നൊരു ഗണിക-
പ്പെണ്ണിന്‍ മറ്റൊരു ചിത്രം.

പട്ടിണി പടരും നാട്ടില്‍ നടത്തും
'ആണവ'ധൂര്‍ത്തിന്‍ ചിത്രം
ജാതിക്കോമരമുറഞ്ഞുതുള്ളും
ഭയം വിതയ്ക്കും ചിത്രം.
മനുഷ്യമനസ്സില്‍ വിഷങ്ങള്‍ തുപ്പും
'മതവാദി'കളുടെ ചിത്രം.

ഇന്നിന്‍ മുഖങ്ങള്‍ ഇനിയും പലതും
തിക്കിത്തിരക്കി നിറയുമ്പോള്‍
പുതുവര്‍ഷത്തിന്‍ പുലരിക്കതിരിന്‍
നിറങ്ങള്‍ കാണാന്‍ കണ്ണെവിടെ?
പ്രതീക്ഷകള്‍ തന്‍ നിറങ്ങള്‍ വീണ്ടും
സ്വപ്നം കാണാന്‍ കണ്ണെവിടെ?
അത്‌
കാന്‍വാസാകെപ്പടര്‍ന്നുതിങ്ങും
കറുപ്പിലൊലിച്ചു പോകുന്നു... !

Comments

Popular posts from this blog

സന്ദർശനം

ഋതു

പുനരപിജനനം