പുനരപിജനനം

 അങ്ങേയറ്റം വിചിത്രമായിരുന്നു അയാളുടെ വേഷം. സായിപ്പിന്റേതുപോലുള്ള തൊലിയുള്ള അയാള്‍ ഏതു ദേശക്കാരനാണെന്നോ, ഭാഷക്കാരനാണെന്നോ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കൗബോയ് രീതിയിലുള്ള ഒരു തൊപ്പിയും, പഴകിപ്പൊളിഞ്ഞ് തുന്നിക്കൂട്ടിയ കറുത്തൊരു ഓവര്‍കോട്ടും മുഷിഞ്ഞ വെളുത്ത മുണ്ടും, രണ്ടുതരവും വലിപ്പവുമായ ചെരിപ്പുകളുമൊക്കെയായി അന്നും അയാള്‍ വരുമ്പോള്‍ യാക്കോബ് അവശതയോടെ, കണ്ണു തുറന്നു കിടക്കുകയായിരുന്നു. ഉറക്കുത്തിയ മച്ചിലേക്കു നോക്കി കിടക്കുമ്പോള്‍ മനസ്സിലുള്ളതിനെപ്പറ്റി അയാള്‍ക്കുപോലും വ്യക്തതയുണ്ടായിരുന്നില്ല. കണ്ണുകളില്‍ തളര്‍ച്ച വന്നു തൂങ്ങുമ്പോഴും ചിതലു പിടിച്ച് പൊടിഞ്ഞു തുടങ്ങിയ, എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന ഗൃഹത്തിലെ വെറും തറയില്‍ കിടന്ന് യാക്കോബ് അര്‍ത്ഥമോ, അടുക്കും ചിട്ടയുമോ ഇല്ലാത്ത ചിന്തകളിലൂടെ ഭ്രാന്തമായൊരു സഞ്ചാരത്തിലായിരുന്നു.


യാക്കോബ് കിടന്ന കിടപ്പില്‍ തലചെരിച്ചു നോക്കുന്നുണ്ടായിരുന്നു. വിചിത്രരൂപി, തലേന്ന് ക്യാന്‍വാസില്‍ യാക്കോബ് knife കൊണ്ട് തോണ്ടിയിട്ട മഞ്ഞ നിറത്തിന്റെ അടരുകളില്‍ വിരലോടിക്കുകയായിരുന്നു. എണ്ണച്ചായത്തിന്റെ സ്‌ട്രോക്കുകളില്‍ സാമൂഹ്യാവസ്ഥകളുടെ അമൂര്‍ത്തമായ പ്രതീകങ്ങള്‍ക്കിടെ അയാളുടെ വിചിത്രരൂപം അവ്യക്തമായെങ്കിലും തെളിഞ്ഞും മറഞ്ഞും കിടന്നിരുന്നു.

യാക്കോബിനുവേണ്ടി മോഡലായി ഇരുന്നു കൊടുക്കാന്‍ അയാള്‍ക്ക് ഏതും പ്രയാസമുണ്ടായിരുന്നില്ല. അല്ലെങ്കിലും അയാളുടെ പ്രയാസങ്ങളോ, വേദനകളോ, സന്തോഷമോ ഒന്നുംതന്നെ മുഖത്തോ, ശരീരചേഷ്ടകളിലോ അടയാളപ്പെട്ട് ആരും കണ്ടിരുന്നില്ല. കനപ്പെട്ട ഒരു നിഗൂഢതയില്‍ വലയം ചെയ്യപ്പെട്ട് അയാളവിടെ ജീവിച്ചു.
ഒരിക്കല്‍, എവിടെനിന്നെന്നറിയാതെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതാണയാള്‍ അവിടെ. സംസാരശേഷി ഉണ്ടോ എന്നുപോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞ, മാന്യന്മാരുടെ പഴയ ക്ലബ്ബിലോ അടുത്തുള്ള കലുങ്കിന്റെ മേലോ അയാള്‍ എപ്പോഴുമുണ്ടായിരുന്നു. അത്യാവശ്യങ്ങള്‍ക്കു മാത്രം നീട്ടുന്ന കൈയില്‍ വീഴുന്ന നാണയങ്ങളില്‍ അയാളുടെ വിശപ്പ് തൃപ്തമായി.

യാക്കോബല്ലാതെ ആരുംതന്നെ അയാളെ ഒരു മനുഷ്യജന്മമെന്ന രീതിയിലെങ്കിലും ഒരിക്കല്‍പ്പോലും നോക്കിയിരുന്നോ എന്നുമറിയില്ല. കൃത്യമായി എന്നും രാവിലെ ഒമ്പതുമണിയോടടുത്ത് യാക്കോബിന്റെ കാന്‍വാസിനു മുമ്പില്‍ അയാള്‍ ഹാജരുണ്ടാകും. ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ആ ചിത്രത്തിലെ നരച്ച നിറങ്ങളില്‍ താന്‍ രൂപപ്പെട്ടുകിടന്നത് അയാള്‍ അറിഞ്ഞിരിക്കുമോ എന്നും ആര്‍ക്കറിയാം!

ആര്‍ക്കും വേണ്ടാതെ കിടന്ന ആ സ്റ്റുഡിയോയിലെ അസംഖ്യം ചിത്രങ്ങളില്‍ അവസാനത്തേതായി ആ ചിത്രവും സ്ഥാനം പിടിക്കുമായിരുന്നു.

അഞ്ചു ദിവസമായി തുടര്‍ന്നുപോന്ന നിരാഹാരം മുടക്കി ചുണ്ടിലേക്കു പകര്‍ന്നതിന്റെ ബാക്കി ഒരല്പം വിഷം മാത്രം യാക്കോബിന്റെ വലതുകൈയിലെ കുപ്പിയില്‍ അവശേഷിച്ചിരുന്നു. യാക്കോബിന്റെ വായുടെ ഇടതുകോണിലൂടെ കിനിഞ്ഞിറങ്ങി നിലത്തുപരന്ന രക്തം കണ്ടിട്ടും സ്ഥായിയായ നിര്‍വ്വികാരതയോടെ അയാള്‍ ചിത്രത്തേയും യാക്കോബിനേയും മാറിമാറി നോക്കുക മാത്രം ചെയ്തു. പിന്നെ പതുക്കെ വന്ന് യാക്കോബിന്റെ സമീപം, സ്വസ്ഥമായി മരണത്തിലേക്കു പോകാന്‍ അനുവദിക്കും പോലെ ഏറെനേരം വെറുതെ ഇരിക്കുക മാത്രം ചെയ്തു. കാരുണ്യത്തോടെ, യാക്കോബിന്റെ നെഞ്ചില്‍ കൈവെച്ച് അവസാനതുടിപ്പും നെഞ്ചകത്ത് ഒടുങ്ങിയമരുന്നത് അയാള്‍ തൊട്ടറിഞ്ഞു.

ഉച്ചവെയിലില്‍ , ഛായാചിത്രം വഹിച്ചുകൊണ്ട് ആ വിചിത്രരൂപി ചന്തയിലെ ചൂടുപിടിച്ച ആകാശത്തിന്റെ ചുവടെ നിന്നു. ഇരുകൈയും ഉയര്‍ത്തി തൊപ്പിക്കുമുകളില്‍ ചിത്രം പിടിച്ച് നിശ്ചലനായി അയാള്‍ നിലകൊണ്ടു. അയാള്‍ക്കു ചുറ്റും ഒരു ജനക്കൂട്ടം പരന്നു കിടപ്പുണ്ടായിരുന്നു.

🎨

Comments

Popular posts from this blog

സന്ദർശനം

ഋതു