പഴയ, വെറുമൊരു പ്രണയലേഖനം
ഒരു തുലാമഴ പെയ്തു കുളിർ കൊണ്ടൊരീ രാവി-
ലെന്നോമനേ, നീയുറക്കമാണോ?ഒരു രാക്കുയിൽ കേണു പാടുന്ന പാട്ടൊന്നു
കാതോർത്തു നീ കാത്തിരുന്നിടുന്നോ?
നോവുന്ന ഹൃദയമൊന്നേകാന്തമീയിരുൾ-
പ്പാതയിൽ മൂകം തളർന്നിരിപ്പൂ...
ഒരു മേഘദുഃഖമീ നനവാർന്ന മണ്ണിലീ
മഴയായിരമ്പിയലച്ചുപെയ്കെ,
ജാലകത്തിന്നപ്പുറത്തു ഞാനെന്തിനോ
നനവാർന്ന കാഴ്ചകൾ നോക്കിനിൽക്കെ,
നാട്ടുമാഞ്ചോട്ടിലന്നെന്തിനോ നീയന്നു
സന്ധ്യക്കു കുട ചൂടി നിന്നിരുന്നു...
സാന്ധ്യവർണ്ണങ്ങൾ നിൻ നനവാർന്ന കവിളിലും
മഴനൂലിലും പറ്റി നിന്നിരുന്നൂ...
ഒരു കാറ്റിടയ്ക്കിടെ മഴയിൽ നനഞ്ഞു നിൻ
ഉടയാട തൊട്ടു നനച്ചിരുന്നൂ...
ഒരു വേള നീയൊന്നു കൺകോണിനാലെന്റെ
അകതാരിലേക്കൊരു നോട്ടമെയ്തു
തിരികെയോടിപ്പോമിടയ്ക്കു നീ പിന്നെയും
പുഞ്ചിരിച്ചൊന്നു തിരിഞ്ഞുനോക്കി
എന്തിനോ കണ്ണുകൾ നീ പോയ വഴിയിലെ
മഴവെള്ളച്ചാലുകൾ നോക്കിനിന്നു...
ഒരു കാറ്റു വീശിയാ,മാവിന്റെ ചില്ലക-
ളാകെയുലച്ചു കടന്നു പോയി
അതിനുപിൻപെത്രയോ മഴ വന്നു, കാലങ്ങൾ
മഴതീർത്ത പുഴയായൊലിച്ചുപോയി...
മഴയുടെ മഞ്ജീര നാദമെൻ മനസ്സിന്റെ
വാതിലിൽ മുട്ടി വിളിച്ചുണർത്തീ...
പിന്നെയുമെത്രയോ സന്ധ്യകൾ മോഹത്തിൻ
വർണ്ണങ്ങൾ തന്നു കടന്നുപോയി...
എന്നുമേ നിദ്രാവിഹീനങ്ങളാം പ്രണയ-
നോവിന്റെ രാവുകളായിരുന്നൂ...
നിൻ പാദനിസ്വനം കാതോർത്തിരുന്നു ഞാൻ
മൂകമായ്; പൊള്ളും ഹൃദന്തമോടെ
എത്രവട്ടം കാത്തുനിന്നു നിൻ വഴികളിൽ
ഒരു നോക്കു കാണുവാൻ മാത്രമായി...
ഒരുപിടി മോഹപുഷ്പങ്ങളുമായി നീ
എന്നുമതേവഴി വന്നിരുന്നൂ...
ആ വഴിത്താര തന്നോരത്തെപ്പൂവുകൾ
എന്തിനോ പുഞ്ചിരിക്കൊണ്ടിരുന്നൂ...
എങ്കിലുമെന്തു നിഗൂഢത നിൻ കണ്ണി-
ലെന്നോമനേ നീ കാത്തുവെച്ചിരുന്നു...
എന്റെയാനന്ദമാ,ക്കണ്മുനക്കോണിലെ
മിന്നും നിഗൂഢമാം വർണ്ണമത്രെ!
ഈരാവി,ലീമഴയി,ലാകെനനഞ്ഞെത്തു-
മിക്കാറ്റിൽ നിൻ കരസ്പർശനങ്ങൾ...
ഇനി ഞാനുറങ്ങട്ടെ; നിന്റെയീയോർമ്മകൾ
സ്വപ്നമായ് ഹൃദയത്തിൽ പെയ്തുണരാൻ!
Comments
Post a Comment